കൊച്ചി: അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ഭാരം കയറ്റി സര്‍വീസ് നടത്തിയ വാഹനങ്ങള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ച നടപടികള്‍ ശരിവച്ച് കോടതി.
മോട്ടോര്‍ വാഹന വകുപ്പ് രജിസ്റ്റര്‍ ചെയ്ത നാല് ഓവര്‍ലോഡ് കേസുകളിലായി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ആകെ 3,43,500 രൂപ പിഴ വിധിച്ചു. അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെര്‍ണാണ്ടസ് അധ്യക്ഷയായ ബെഞ്ചാണു വിധി പ്രസ്താവിച്ചത്. വാഹന ഉടമകളില്‍ നിന്ന് 1,71,000 രൂപയും ഡ്രൈവര്‍മാരില്‍ നിന്ന് 1,72,500 രൂപയും പിഴയായി ഈടാക്കും.
ഒന്നാമത്തെ കേസില്‍ കെഎല്‍ 35 ജെ 9824 നമ്പര്‍ വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവര്‍ക്കും 56,000 രൂപ വീതം ആകെ 1,12,000 രൂപയും രണ്ടാമത്തെ കേസില്‍ കെഎല്‍ 52 ആര് 1006 നമ്പര്‍ വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവര്‍ക്കും 64,000 രൂപ വീതം ആകെ 1,28,000 രൂപയും മൂന്നാമത്തെ കേസില്‍ കെഎല്‍ 17 ഡബ്ല്യു 6382 നമ്പര്‍ വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈ വര്‍ക്കും 42,000 രൂപ വീതം ആകെ 84,000 രൂപയും നാലാമത്തെ കേസില്‍ കെഎല്‍ 7 ബിവൈ 657 നമ്പര്‍ വാഹനത്തിന്റെ ഉടമയ്ക്ക് 9,000 രൂപയും ഡ്രൈവര്‍ക്ക് 10,500 രൂപയും ഉള്‍പ്പെടെ ആകെ 19,500 രൂപയുമാണു പിഴ ചുമത്തിയിരിക്കുന്നത്.
പരിധി ലംഘിച്ച് അധികഭാരം കയറ്റി ചരക്ക് ഗതാഗതം നടത്തിയാല്‍ റോഡ് സുരക്ഷയ്ക്കു ഭീഷണിയാകുമെന്നതിനാല്‍ ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരേ ശക്തമായ നടപടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
നിയമലംഘനങ്ങള്‍ നടത്തുന്ന വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരേ വരും ദിവസങ്ങളിലും പരിശോധനകള്‍ ശക്തമാക്കാനും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചതായി എറണാകുളം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.